Sunday, August 27, 2006

അത്തപ്പൂ ഇട്ടില്ലേ?

ഞായറാഴ്ചയായിട്ടും രമേശന് ഓഫീസില്‍ പോകേണ്ടി വന്നു. ഈ വര്‍ഷത്തെ ആദ്യത്തെ അത്തം 'തകര്‍ക്കണം' എന്നു വിചാരിച്ചിരുന്നത് ഗോപി.

രമേശന്‍ തിരിച്ച് വീട്ടിലെത്തിയപ്പൊള്‍ നേരം ഇരുട്ടി. ഇരുട്ടത്ത് അത്തമിടാന്‍ പാടില്ലെന്ന് പ്രമാണമുണ്ടല്ലോ. ആതുകൊണ്ട്, രമേശന്‍ നിരാശനായി, കണ്ണീരൊഴുക്കിക്കൊണ്ട് ബ്ലോഗറിലേയ്ക്ക് പോയി....

Saturday, August 26, 2006

ഫോറം, പ്രിയ ഫോറം ....

ജോലി സംബന്ധമായി 'രസതന്ത്ര'നാണെങ്കിലും, രമേശന് കംപ്യൂട്ടര്‍ ഒരു ബലഹീനതയാണ്. അല്പസ്വല്പം പ്രോഗ്രാമിങ് ദീനവും പിടിപെട്ടിട്ടുള്ളത് കൊണ്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഒരു രണ്ടു മണിക്കൂറെങ്കിലും ആ പെട്ടിയുടെ മുന്‍പില്‍ തപസ്സിരിക്കും. അന്നേരം, വാമഭാഗമല്ല, സാക്ഷാല്‍ ദേവേന്ദ്രന്‍ വന്ന് വിളിച്ചാലും മൈന്റ് ചെയ്‌തെന്നു വരില്ല...

അറിയാവുന്ന പ്രോഗ്രാമിങ് വിദ്യകളൊക്കെ സ്വയം, തപ്പിയും തടഞ്ഞും വീണു മുട്ടു പൊട്ടിയുമൊക്കെയാണ് പഠിച്ചത്. അതുകൊണ്ട് കംപ്യൂട്ടര്‍ ഇടയ്ക്കിടെ ഉന്നയിക്കുന്ന ഉടക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ഇഷ്ടന്‍ സോഫ്റ്റ് വേര്‍ ഫോറങ്ങളിലാണ് അഭയം തേടുക.

അങ്ങനെയിരിക്കെയാണ് രമേശന്‍ ഈ ഫോറത്തെ കണ്ടെത്തിയത്. രമേശന്‍ ആദ്യം ചോദിച്ച ചോദ്യത്തിന് രണ്ടു മിനിറ്റിനകം ഉത്തരം കിട്ടി. രമേശന്‍ ഒന്നു ഞെട്ടി. വിശ്വസിക്കാനായില്ല. ങാഹാ, അത്രയ്ക്കായോ, എന്നാല്‍ ദാ പിടിച്ചോ എന്നു പറഞ്ഞ്, ഒരു ചോദ്യം കൂടെ അങ്ങ് തട്ടി. അതിനും കിട്ടി പത്ത് മിനിട്ടില്‍ ഉത്തരം. ആതോടെ, രമേശന്‍ വീണു.

കുറച്ചു ദിവസം കഴിഞ്ഞ് ഫോറത്തിലൂടെ ഒന്ന് ചുറ്റിയടിച്ചു നടന്നപ്പോഴാണ് രമേശന്‍ ബാക്കി വിശേഷങ്ങള്‍ അറിഞ്ഞത്. സ്ഥിരമായി ഫോറത്തില്‍ സംസാരിക്കുന്നവര്‍ക്ക് ഫ്രീയായി വെബ് സ്പേസ് (അതും PHP, MySQL സഹിതം ), പിന്നെ സംസാരിക്കുന്ന എല്ലാര്‍ക്കും 'ഇല്ലാത്ത' (വെര്‍ച്വല്‍) കാശ്...അതോടെ രമേശന്‍ 'തലേം കുത്തി' വീണു. ഇപ്പൊള്‍ രമേശന്‍ Frihost ന് വേണ്ടി മരിക്കാനും റെഡി.

എന്താണ് വൈഖരി?

സത്യം പറയാമല്ലോ, വൈഖരി എന്നത് നേരത്തേ ആലൊചിച്ചുറപ്പിച്ച പേരൊന്നുമായിരുന്നില്ല. എന്റെ മനസ്സിലുണ്ടായിരുന്ന പേരുകളൊക്കെ മറ്റു ചേട്ടന്‍മാരും ചേച്ചിമാരും നേരത്തേ ബുക്ക് ചെയ്ത് കളഞ്ഞിരുന്നു. പിന്നെ, ഒരവസാന ശ്രമമെന്ന രീതിയില്‍ 'വൈഖരി' പരീക്ഷിച്ചപ്പോള്‍, കിട്ടി!

അപ്പോഴാണ് വേറൊരു കുഴപ്പം. ഈ 'വൈഖരി' എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയണ്ടേ? ഓടി, ശബ്ദതാരാവലിയുടെ അടുത്തേയ്ക്ക്. ശ്രീകണ്ഠേശ്വരം സാര്‍ ഇങ്ങനെയാണ് പറയുന്നത്:

വൈഖരി: നാലുവിധം ശബ്ദങ്ങളില്‍ നാലാമത്തേത്, സാധാരണമായുള്ളത്.... എല്ലാപേരും കേള്‍ക്കുന്ന ആ ശബ്ദമാണ് വൈഖരി.

ആഗ്രഹങ്ങള്‍ അല്പം കടന്നു പൊയോ?