Thursday, May 31, 2007

മൂന്നു 'പാമ്പു'കഥകള്‍

1


ആലപ്പുഴയുള്ള മൂന്നു സുഹൃത്തുക്കള്‍ കോഴിക്കോട് പി.എസ്.സി പരീക്ഷയെഴുതാന്‍ പോയി. പരീക്ഷ മുഴുവന്‍ കണക്കായിരുന്നു എന്നാണ്‌ ഇഷ്ടന്‍മാര്‍ രമേശനോടു പറഞ്ഞത് - അതുകൊണ്ട് അവര്‍ 'കണക്കായി'ത്തന്നെ എല്ലാം എഴുതി. എഴുതിത്തീര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ മൂവ്വര്‍ക്കും ക്ഷീണം, നല്ല ദാഹവും. ഏറ്റവുമടുത്തുള്ള തണ്ണീര്‍ക്കടയില്‍പ്പോയി മൂവ്വരും തൊണ്ടനനച്ചു. വഴിക്കെങ്ങാന്‍ ദാഹിച്ചാലോ എന്നുവെച്ച് രണ്ടുലിറ്റര്‍ സ്പ്രൈറ്റ്കുപ്പി വാങ്ങി അതിലുണ്ടായിരുന്ന വൃത്തികെട്ട ദ്രാവകം ഡിസ്‌പോസ് ചെയ്ത്, അതിലും ശുദ്ധ തണ്ണീര്‍ നിറച്ചു. തിരിച്ചു വന്നത് ഒരു തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനില്‍. ആളുകള്‍ കുറവായിരുന്നു. കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര മൂവ്വരിലും വീണ്ടും ദാഹത്തെ ജനിപ്പിച്ചു. സ്പ്രൈറ്റുകുപ്പി കാലിയായപ്പോള്‍, അദ്ഭുതം, മൂന്നുപേരും പാമ്പുകളായി രൂപാന്തരപ്പെട്ടു. മൂന്നു പാമ്പുകളും മൂന്നു സീറ്റുകളില്‍ക്കിടന്നു സുഖമായി ഉറങ്ങി.

സമയം രാത്രി ഒന്‍പത്. ട്രെയിന്‍ നിന്നിരിക്കുന്നു. ഒരു പാമ്പ് പയ്യെ കണ്ണുതുറന്ന്, കിടന്ന കിടപ്പില്‍ പുറത്തേയ്ക്കു കണ്ണയയച്ചു. ഒരു വലിയ മഞ്ഞ ബോര്‍ഡ്. പരിചയമുള്ള അക്ഷരങ്ങള്‍. വായിക്കാന്‍ ശ്രമിച്ചു - 'ആ...ല...പ്പു...ഴ..'

വായിച്ചുതീര്‍ന്നപ്പോള്‍ പാമ്പിന്റെ തലയില്‍ കൊള്ളിയാന്‍ മിന്നി. അയ്യോ, പിള്ളേരേ, ഇറങ്ങണ്ടെ? എന്നൊക്കെ വിളിച്ചു കൂവാനും ചാടിയെഴുന്നേല്‍ക്കാനുമൊക്കെ പാമ്പിനു തോന്നി, പക്ഷെ, കാലു പൊയിട്ട്, നാവു പോയിട്ട്, ഒരു വിരല്‍ പോലും അനക്കാന്‍ പാമ്പിനു കഴിയുന്നില്ല. കിടന്ന കിടപ്പില്‍ത്തന്നെ മഞ്ഞ ബോര്‍ഡ് പുറകോട്ടു നീങ്ങി അപ്രത്യക്ഷമാകുന്നതു പാമ്പ് കണ്ണീമയ്ക്കാതെ നോക്കി. എന്നിട്ട്, 'ആ പോ' എന്ന് പറഞ്ഞ് തിരിഞ്ഞുകിടന്നു.
അനന്തപുരിയുടെ മഹത്വം! രാവിലെ അഞ്ചരമണിക്ക് ട്രെയിന്‍ സ്ഥലത്ത് വീലു കുത്തിയപ്പോഴേയ്ക്കും മൂന്നു പാമ്പുകളും പയ്യെ മനുഷ്യരായി മാറി. പിന്നെ മടക്കയാത്ര...

ഇടയ്ക്കുണര്‍ന്ന പാമ്പ് രാത്രിയിലെ ദര്‍ശനത്തിന്റെ കഥ രമേശനോട് മാത്രമേ പറഞ്ഞിട്ടുള്ളു.

2

കഥ നടക്കുന്നത് സ്ഥലത്തെ പ്രധാന ചായക്കടയില്‍. സമയം രാത്രി എട്ട്. കടയില്‍ ഒരു കസ്റ്റമര്‍ മാത്രമേയുള്ളു, ആള്‍ പാമ്പായി ചുമരും ചാരി ഇരിക്കുന്നു. പാമ്പുകളുടെ സ്വഭാവത്തിനനുസരിച്ച് ഇടയ്ക്കൊക്കെ തലയാട്ടുകയും നാവുനീട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. ശാന്തമായ രാത്രിയില്‍ അങ്ങിനെ പാമ്പാട്ടം പുരോഗമിക്കുമ്പോള്‍ ചായക്കടയുടെ മുന്‍പില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നു.

'ആരാടാ അവിടെ?'
പാമ്പിനു മിണ്ടാന്‍ കഴിയുമോ?
'എണീറ്റു വാടാ ഇവിടെ!'
നല്ല കാര്യം. പാമ്പുകള്‍ നടന്ന് എങ്ങോട്ടെങ്കിലും പോയ ചരിത്രമുണ്ടോ?
ഏതായലും ഏമാന്‍മാര്‍ക്ക് പാമ്പ് ഒരു നല്ല ചിരി പാസാക്കി നല്‍കിക്കൊണ്ട് ഇരിപ്പു തുടര്‍ന്നു.

തുടര്‍ന്ന് പോലീസുകാര്‍ക്ക് ദേഷ്യം വരുന്നു, ജീപ്പില്‍നിന്നിറങ്ങുന്നു, പാമ്പിനെ പൊക്കിയെടുത്തു ജീപ്പിലേയ്ക്കു കൊണ്ടുപോവുന്നു. ജീപ്പെത്താറായപ്പോള്‍, പാമ്പിന്റെ മടിക്കുത്തില്‍ ചേടിവെച്ചിരുന്ന കുപ്പി താഴേയ്ക്കു വീഴുന്നു. ക്ലിന്‍!
അദ്ഭുതം, പാമ്പിന്റെ നാവിനു ജീവന്‍ വച്ചു.
'അയ്യോ, കുപ്പി! ഇതേതാ? സാറിന്റെയാണോ?

3

മൂന്നു സുഹൃത്തുക്കള്‍ കോടതിയിലേയ്ക്കു നീങ്ങുകയാണ്‌. മദ്യപിച്ചു വണ്ടിയോടിച്ചതിന്റെ കേസിന്‌ വിധി പറയുന്ന ദിവസമാണ്‌. മൂന്നു പേരും കുളിച്ചു വൃത്തിയായി, വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച്, നല്ല കുട്ടികളായി രാവിലേതന്നെ പുറപ്പെട്ടതാണ്‌.

മൂവ്വരും കോടതിയില്‍ ഹാജരാവുന്നു. കേസ് വിളിക്കുന്നു. മൂവ്വരും മടക്കുത്തഴിച്ച്, വടിപോലെ നിവര്‍ന്ന്, തൊഴുതുപിടിച്ച് നില്‍ക്കുന്നു.
ജഡ്ജി ചോദിക്കുന്നു, 'കുറ്റം സമ്മതിക്കുന്നോ?'
ക്ടിന്‍!
മുന്‍പില്‍ നില്ക്കുന്ന പാമ്പിന്റെ അടിക്കളസത്തില്‍ ചേടിയിരുന്ന കുപ്പി താഴെ വീണതാണ്‌. ഭാഗ്യത്തിന്‌ കുപ്പി അഴിച്ചിട്ട മുണ്ടിനകത്തു തന്നെയാണ്‌ വീണത്.

Monday, May 28, 2007

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

'ഷോറീ? വാട്ടെ?' റിസപ്‌ഷനിലെ കുഞ്ഞിക്കണ്ണുള്ള സിങ്കപ്പൂര്‍ സുന്ദരി രമേശനെ നോക്കി മൊഴിഞ്ഞു. രമേശന്റെ പിഞ്ചിയ മുറിക്കൈയ്യന്‍ ടീഷര്‍ട്ടും മടക്കിക്കുത്തിയ കൈലിയും കണ്ടിട്ട് അവള്‍ക്കു ചിരി സഹിക്കുന്നില്ല. രമേശന്‍ ക്ഷമയോടെ, പെറുക്കിപ്പെറുക്കി, മൂന്നാം പ്രാവശ്യവും പറഞ്ഞു - "സോറി മാം, ബൈ മിസ്റ്റേക്ക് വീ ലോക്ക്ക്ഡ് ഔര്‍ കീ ഇന്‍സൈഡ് ദി റൂം...'

രക്ഷയില്ല. ട്രെയ്നിക്കുട്ടിക്ക് മനസ്സിലാവുന്നില്ല. രമേശന്‍ ചുറ്റും നോക്കി. എവിടെ, ആ തടിയന്‍ മാനേജര്‍? രാത്രി പതിനൊന്നു കഴിഞ്ഞില്ലേ, ഇഷ്ടന്‍ ഉറക്കത്തിന്റെ രണ്ടാമിന്നിങ്സ് തുടങ്ങിക്കാണും. ഇനിയിപ്പോള്‍ എന്താ ചെയ്ക? റൂമിന്റെ അടഞ്ഞ വാതിലിനു മുന്‍പില്‍ വിവസ്ത്രനായി നില്‍ക്കുന്ന പാവം കൂട്ടുകാരന്‍ നമ്പൂരിയെക്കുറിച്ചോര്‍ത്തപ്പോള്‍ രമേശന്റെ ഹൃദയം വിങ്ങി. അറ്റക്കൈ എന്ന നിലയില്‍ രമേശന്‍ കീ-കാര്‍ഡ് വാതിലില്‍ ഇടുന്നതും, വാതില്‍ മന്ദം മന്ദം തുറക്കുന്നതും ഒരുവിധം അഭിനയിച്ചു കാണിച്ചു. ട്രൈയ്നിക്ക് സംഗതി കത്തി.
'ആ... കീ!' പെണ്‍കുട്ടി പറഞ്ഞു. 'തന്നെ' എന്നു രമേശനും.
'ഐ.ഡി പ്ലീസ്.' ട്രെയ്നി കൈ നീട്ടി.
അപ്പോള്‍ അത്യാവശ്യം അംഗ്രേസി അറിയാം, രമേശന്‍ മനസ്സില്‍ പരഞ്ഞു. ഐ.ഡി പോയിട്ട് അടിയില്‍ പോലും...ആകെ കൈലിയും ടീ ഷര്‍ട്ടും മാത്രമേയുള്ളു ദേഹത്ത്. ദൈവമേ, ഇനി അതെങ്ങിനെ പറഞ്ഞു മനസ്സിലാക്കും?ഏതായലും, വീണ്ടും ഒരു ദീര്‍ഘശ്വാസം അകത്തേയ്ക്ക് വലിച്ച് രമേശന്‍ പതിയെ പറഞ്ഞു:
'കുട്ടീ, ഐ.ഡി. ഇന്‍ ദി റൂം. ഡോണ്‍ഡ് ഹാവ് നൌ. ഗിവ് ഡൂപ്ലിക്കേറ്റ് കീ, ദെന്‍ ഐ വില്‍ ഗെറ്റ് യൂ ഐഡി. ഐ കാന്‍ ഗിവ് യൂ ഔര്‍ പേര്‍സണല്‍ ഡീറ്റെയ്‌ല്‍സ് വിച്ച് യൂ കാന്‍ വെരിഫൈ ഇന്‍ യുവര്‍ കംപ്യൂട്ടര്‍...'
'ഷോറീ?'
'പൂ...മാനം, പൂത്തുലഞ്ഞു,' രമേശന്‍ സഭ്യതയോടെ മനസ്സില്‍ പറഞ്ഞു. നേരം വെളുക്കുന്ന വരെ ഇവിടെ പെട്ടതു തന്നെ.

രമേശന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ - അതാ, മറ്റൊരു സുന്ദരി. ലേശം പ്രായക്കൂടുതല്‍ തോന്നുന്നുണ്ട്, ഒരുപക്ഷേ അത്യാവശ്യം ഇംഗ്ലീഷറിയുമായിരിക്കും... പ്രതീക്ഷയോടെ രമേശന്‍ അടുത്ത പ്രസംഗത്തിനായി ശ്വാസമെടുത്തു...എന്നിട്ട് ഞെട്ടി. വന്ന സുന്ദരി റിസപ്ഷനിലേയ്ക്ക് ഓടിയടുക്കുന്നു, ട്രെയ്നിയെ കെട്ടിപ്പിടിക്കുന്നു, ചിരിക്കുന്നു. പിന്നെ രണ്ടുംകൂടെ രമേശനെ ആപാദചൂഡം നോക്കിയിട്ട് കലുപിലാ മലയ് ഭാഷയില്‍ ചിരിച്ചു തിമര്‍ക്കുന്നു...
പണ്ട് 'അക്കരെയക്കരെ' എന്ന സിനിമയില്‍ സോമന്‍ചേട്ടന്‌ പറ്റിയ പറ്റ് രമേശനോര്‍മ്മവന്നു. ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോവാന്‍ വല്ല വഴിയുമുണ്ടോ എന്നു നോക്കുമ്പോള്‍ -
'കോക്കൂക്കെ കീലോങ്?' എന്താ അവിടെ ബഹളം?
ക്ലാ ക്ലാ ക്ലാ. രമേശന്‍ തിരിഞ്ഞുനോക്കി. ഹാവൂ! മാനേജര്‍! രക്ഷപ്പെട്ടു!

* * *

കഥ തുടങ്ങുന്നത് വൈകിട്ട് ആറുമണിക്കാണ്‌. രമേശനും സഹപ്രവര്‍ത്തകന്‍ നമ്പൂരിയും ജലാന്‍ ബുക്കിറ്റ് മേറയിലെ ശാസ്ത്രജ്ഞപ്പണിയും കഴിഞ്ഞ് തിരിച്ച് ഹാവലോക്ക് റോഡിലെ ഹോട്ടലിലെത്തി, റൂമില്‍ക്കയറി കുളിയും കഴിഞ്ഞ്, നാടുകാണാനിറങ്ങിയതായിരുന്നു.സിങ്കപ്പൂര്‍ നദിയുടെ കരയിലൂടെ നേരെ കിഴക്കോട്ട് - ക്ലാര്‍ക്ക് കീയും ബോട്ടുകളും വെള്ളത്തിലേയ്ക്കു ചാടുന്ന കുട്ടിപ്രതിമകളുമൊക്കെ കടന്ന് മെര്‍ലയണിന്റെ മുന്നിലെത്തി. വെള്ളം ചാടുന്നത് കൃത്യമായ സ്ഥലത്തുന്നു തന്നെയാണോ എന്ന സംശയം രമേശന്‌ തോന്നാതിരുന്നില്ല, എങ്കിലും കുറെ നേരം രണ്ടുപേരും അവിടൊക്കെ കറങ്ങി നടന്നു. അവിടുന്ന് 'ഡുറെയ്‌ന്‍' പോലെയിരിക്കുന്ന ഓഡിറ്റോറിയത്തിലേയ്ക്ക്, പിന്നെ പാര്‍ക്കുകള്‍, തെരുവിലെ പാട്ടുകള്‍... എല്ലാംകൂടെ കണ്ട് രമേശനും കൂട്ടുകാരനും ആകെ സങ്കടമായി. ഇനി കേരളത്തിലോട്ടു ചെല്ലുമ്പോള്‍ തോന്നില്ലേ, എന്നാണു കേരളവും ഇതുപോലെ...? സെന്റിമെന്റ്സ് ഒക്കെ വര്‍ക്കൌട്ട് ചെയ്തുകഴിഞ്ഞ്, ഒന്‍പതു മണിയോടെ, രണ്ടുപേരും തിരിച്ചുനടന്നു.

വഴിയോരത്തെ കടകളിലിരിക്കുന്ന കബാബുകളും മറ്റും രമേശനെയും വെണ്ടയ്ക്ക വറുത്തതും മറ്റും നമ്പൂതിരിയേയും കൊതിപ്പിച്ചുകൊണ്ടിരുന്നു. എന്തു ചെയ്യാന്‍? വഴിഭക്ഷണത്തിന്‌ കാശ് പോക്കറ്റില്‍നിന്നെടുക്കണം. ഹോട്ടലില്‍ നിന്നും റൂംസര്‍വ്വീസായിട്ടാണെങ്കിലോ? ബില്ല്‌ റൂംറെന്റില്‍ ചേരും, അതു കമ്പനി കൊടുത്തോളും. അങ്ങനെ ദുഃഖത്തോടെ പിശുക്കന്മാര്‍ താഴെനോക്കി നടന്നു. ഹോട്ടലിലേയ്ക്ക് മുക്കാല്‍ മണിക്കൂര്‍ നടപ്പ് - ചെന്നെത്തിയപ്പോള്‍ രാത്രി പത്തര.

ക്ഷീണിച്ചുവലഞ്ഞാണ്‌ മുറിയിലെത്തിയത്. മുറിയില്‍ അരണ്ട വെളിച്ചമുണ്ടായിരുന്നതുകൊണ്ട് ഉടനെ ലൈറ്റിടാനൊന്നും പോയില്ല - വിയര്‍ത്തു നാശമായ ഡ്രസ്സൊക്കെ ഊരി വലിച്ചെറിഞ്ഞ് കട്ടിലിലേയ്ക്കു ചാഞ്ഞു. വിശപ്പു കൂടിയപ്പോള്‍ റൂം സര്‍വീസിനെക്കുറിച്ചുള്ള ചിന്തകള്‍ പൊങ്ങിവരാന്‍ തുടങ്ങി. പക്ഷേ ഈ രാത്രി റൂം സര്‍വീസ് കാണുമോ? ഏതായാലും ഒന്നു വിളിച്ചു ചോദിച്ചുകളയാം എന്നു വിചാരിച്ചു രമേശന്‍ എഴുന്നേറ്റ് ലൈറ്റിട്ടു - കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മേശപ്പുറത്ത് ഒരു വലിയ കൂട നിറയെ ആപ്പിള്‍, മുന്തിരിങ്ങ, പീച്ച്, ഏത്തപ്പഴം...കൂടെ 'കൊംപ്ലിമെന്റ്സ് ഫ്രം മാനേജ്മെന്റ്' എന്ന കാര്‍ഡും. പണ്ട് ഇരയേക്കണ്ട് അമീബ ചാടിവീണപോലെയായിരുന്നു പിന്നീട് കാര്യങ്ങള്‍. മിനിട്ടുകള്‍ക്ക് ശേഷം, ശ്വാസം വിടാറായപ്പോള്‍, രണ്ടുപേര്‍ക്കും ഒരു സംശയം: ബാക്കി വന്ന കൂട എന്തുചെയ്യണം? നല്ല കൂട, നന്നായി ഡെക്കറേറ്റൊക്കെ ചെയ്തിട്ടുണ്ട്. കളയുന്നതെങ്ങിനെ? അവസാനം, റൂമിനു പുറത്തേയ്ക്കു വെച്ചേയ്ക്കാം എന്ന തീരുമാനത്തില്‍ രണ്ടുപേരുമെത്തി. കൂടെ ഒരു 'താങ്ക്‌സ് കാര്‍ഡു'മെഴുതിയിട്ടാലോ? ഓ.കെ. അങ്ങനെ കൂടെയുമെടുത്ത് രണ്ടുപേരും മുറിക്കു പുറത്തു വന്നു, കൂട ബഹുമാനപുരസ്സരം താഴെ വച്ചു. പെട്ടന്ന്- 'ഠപ്' എന്നൊരു ശബ്ദം. രണ്ടുപേരും ഒരുപ്പോലെ തിരിഞ്ഞു. ദൈവമേ! വാതിലടഞ്ഞതാണ്‌!
ശുഭം.
* * *
കഥ തീര്‍ന്നു. ഇനി ഗുണപാഠം. കേരളത്തിലെ ഹോട്ടല്‍മുറികള്‍ പോലെയല്ല വിദേശത്ത്. വാതിലടഞ്ഞാല്‍ അടഞ്ഞതാണ്‌. സൂക്ഷിച്ചാല്‍ ദുഃക്കിക്കേണ്ട.

Sunday, May 27, 2007

പൌരസ്വാതന്ത്ര്യം

ഞങ്ങളുടെ ഈ കൊച്ചു കേരളത്തിലുള്ളത്ര പൌരസ്വാതന്ത്ര്യം - ഒരു പൌരന്‌ ഇഷ്ടമുള്ളതൊക്കെ പറയാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം - ഇന്ത്യയില്‍ വേറെ എവിടെയെങ്കിലുമുണ്ടോ? പോട്ടെ, ലോകത്തെവിടെയെങ്കിലുമുണ്ടോ? രമേശന്‍ ആവേശപൂര്‍വ്വം ചോദിച്ചുപോവുകയാണ്. ഇന്നലെ വൈകിട്ട് പതിവുപോലെ എറണാകുളം ചേര്‍ത്തല ബസ്സിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്ന് വീട്ടിലേയ്ക്ക് യാത്രചെയ്തുകൊണ്ടിരിക്കുമ്പോഴാണ്‌ രമേശന്‍ ഈ സ്വാതന്ത്ര്യത്തിന്റെ സ്വരൂപം അടുത്തു കണ്ടത്.

വെള്ളിയാഴ്ചയായതുകൊണ്ട് ബസ്സില്‍ അല്പം കൂടുതല്‍ തിരക്കുണ്ടായിരുന്നു - എന്നാലും ഒരു മുന്നൂറു പേര്‍ കഷ്ടിച്ചേ കാണുകയുള്ളു. അങ്ങനെ ബസ്സ് സുഖമായി മുന്നോട്ടുനീങ്ങി വൈറ്റില പാലത്തിനടുത്തെത്തിയപ്പോള്‍, ദേ, ബ്ലോക്ക്. ബസ്സു നിര്‍ത്തിയതും അവിടെ കാത്തുനിന്നിരുന്ന കുറേ പൌരന്മാര്‍ ബസ്സിലേയ്ക്ക് ഇടിച്ചുകയറി. കണ്ടക്ടര്‍ പറയുന്നുണ്ടായിരുന്നു, 'സൂക്ഷിച്ചു കയറണേ, ഇതു സ്റ്റോപ്പല്ല, സിഗ്നല്‍ വീണാല്‍ വണ്ടി പോവും...' പറഞ്ഞതുപോലെ സിഗ്നല്‍ വീണു, വണ്ടി നീങ്ങി. കൈവരിയില്‍ തൂങ്ങിക്കിടന്ന ഒരു സഹോദരന്‍ റോഡിലേയ്ക്കു തെറിച്ചുവീണു. പിന്നെ, 'നിര്‍ത്തെടാ വണ്ടി!' എന്ന അക്രോശം. വണ്ടി നിന്നു, പൌരന്മാരെല്ലാം കൂടെ കണ്ടക്ടറെ വളഞ്ഞു. അവര്‍ തമ്മില്‍ താഴെപ്പറയും വിധം സംഭാഷണമുണ്ടായി. വായനക്കാരുടെ സൌകര്യത്തിന്‌ * കൊണ്ടടയാളപ്പെടുത്തിയ ശുദ്ധസംസ്കൃതപദങ്ങള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്:

പൌരന്‍ : എന്താടോ ചീപ്പേ* ആളുകയറും മുമ്പേ വണ്ടിയെടുത്തത്?

കണ്ടക്ടര്‍ : ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിച്ചു കയറണം, ഇതു സ്‌റ്റോപ്പല്ലാന്ന്?

പൌ: സ്‌റ്റോപ്പല്ലാഞ്ഞ് പിന്നെ താനെ*ന്തിനാടോ വണ്ടി നിര്‍ത്തിയത്?

ക: സിഗ്നല്‍ വീണിട്ടല്ലേ?

പൌ: സിഗ്നല്‍ വീണാല്‍ നീ വണ്ടി നിര്‍ത്തുമോ? നിര്‍ത്തുമോടാ പട്ടീ*?


സ്വാതന്ത്ര്യത്തിന്റെ ഈ പൂവള്ളി പടര്‍ന്ന് അന്യസംസ്ഥനങ്ങളിലേയ്ക്കും പിന്നെ അവിടുന്ന് അമേരിക്ക, ജപ്പാന്‍ തുടങ്ങിയ പ്രസിദ്ധ ബ്ലോഗിങ്ങ് കേന്ദ്രങ്ങളിലേയ്ക്കും വ്യാപിക്കട്ടെ എന്ന് രമേശന്‍ ആശിക്കുന്നു. പക്ഷേ നടപ്പില്ല - ഇത്രയധികം സ്വാതന്ത്ര്യം ഉള്‍ക്കൊള്ളാനാവുന്ന ജനങ്ങള്‍ കേരളത്തിലല്ലാതെ വേറെ എവിടെയുണ്ടാവും?

Thursday, May 24, 2007

തിരിച്ചുവരവ്

എത്ര നാളായി രമേശന്‍ ഈ ബ്ലോഗിലോട്ട് തിരിഞ്ഞുനോക്കിയിട്ട്! വെറുതേയല്ല, നല്ല കാരണമുണ്ട് - രമേശന്‍ ഔദ്യോഗികമായി നാടുകടത്തപ്പെട്ടിരിക്കുകയായിരുന്നു. തിരുവനന്തപുരത്തും പ്രാന്ത (ന്ന്‌ച്ചാല്‍ പരിസര)പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞിട്ട് രമേശന്‍ തിരിച്ചിതാ വീണ്ടും എറണാകുളത്തെ ഓഫീസില്‍ എത്തിപ്പെട്ടിരിക്കുന്നു. അടുത്ത ശാസ്ത്രജ്ഞപ്പണി ബോംബെയില്‍ തുടങ്ങാന്‍ പോണ പുതിയ ലാബിലാവും എന്ന് ടെലിപ്പതിക്ക് മെസേജുകള്‍ പലതും രമേശന്‌ കിട്ടിയിരിക്കുന്നു. എവിടെയെങ്കിലുമാട്ടെ, ജീവിച്ചാല്‍ പോരേ? എന്ന് രമേശന്‍ തിരിച്ച് മറുപടിയും അയച്ചിട്ടുണ്ട്.

വൈഫും വരാന്‍ പോണ കിഡ്ഡും സമീപഭാവിയിലെ ഈ വേര്‍പാട് എങ്ങിനെ സഹിക്കും എന്ന ചോദ്യം രമേശന്റെ മനസ്സിന്റെ ഒരു മൂലയില്‍ കിടപ്പുണ്ട്. കക്ഷികളോട് നേരിട്ട് രമേശന്‍ അഭിപ്രായം ചോദിച്ചിട്ടില്ല - 'നന്നായി, എന്നാ പോണെ?' എന്നെങ്ങാനും ഉത്തരം കിട്ടിയാലോ? ആകെക്കൂടിയുള്ള ഇത്തിരി ഈഗോ അങ്ങനെ ഇല്ലാതാക്കണോ? പോട്ടെ, വരാനുള്ളതൊക്കെ വരും. അടുത്ത പോസ്റ്റു മുതല്‍ കുറച്ച് 'തിരോന്തരം' നാട്ടുവിശേഷങ്ങള്‍ ഇവിടെ രേഖപ്പെടുത്താന്‍ രമേശന്‍ ഉദ്ദേശിക്കുന്നുണ്ട്.