Thursday, April 28, 2011

ഹിന്ദി പ്രാക്ടിക്കൽസ്

'ഭായി സാബ്, ഖാനാ കഹാം മിലേഗാ?'

ചോദ്യം കേട്ട് രമേശൻ ചെറുതായൊന്നു ഞെട്ടി. റെയിൽ‍വേ സ്റ്റേഷനിൽ, അതും പ്ലാറ്റ്ഫോമിൽ ട്രെയിൻ വരുന്നതും നോക്കി നിൽക്കുമ്പോൾ, തിന്നാൻ എവിടെ കിട്ടും എന്നു ചോദിക്കുന്നതിൽ രമേശന്‌ എന്തോ പന്തികേടു തോന്നി. പിന്നെ രണ്ടും കൽ‍പിച്ച് നന്നായിട്ട് ഒന്നു പരുങ്ങി. അതു കണ്ട് ലഡ്‍കി വീണ്ടും ചോദിച്ചു - ഇത്തവണ നിർത്തി നിർത്തിയാണ്‌ - 'ഖാനാ? കഹാം?'

'ബാ... ബാഹർ ജാനാ പടേഗാ ന?' പുറത്തു പോയി നോക്കുന്നതല്ലേ നല്ലത്? എന്നു ചോദിക്കാനാണ്‌ രമേശന്‌ തോന്നിയത്. അതുകേട്ട് ലഡ്‍കി രമേശനെ ഒന്നു കീഴ്‍മേൽ നൊക്കി. പിന്നെ കണ്ണുകൾ മേല്പോട്ടുയർത്തി മറാത്തിയിൽ 'ഹീശ്വരാ!' എന്നു വിളിച്ചു. ശേഷം രമേശനെ ഉപേക്ഷിച്ച്, അടുത്തുതന്നെ എല്ലാം കണ്ടും കേട്ടും കൊണ്ടുനിന്ന സർദ്ദാർജിയുടെ നേരെ തിരിഞ്ഞു ചോദ്യം ആവർത്തിച്ചു. കേൾക്കാത്ത താമസം, സർദാർജി പറഞ്ഞു - 'തീൻ നമ്പർ പ്ലാറ്റ്‍ഫോം, സാഡേ നൗ ബജേ ആയേഗാ.' പിന്നെ രണ്ടു പേരും കൂടെ രമേശനെ തിരിഞ്ഞു നോക്കി - 'വലിഞ്ഞു കേറി വന്നേക്കുന്നു - സാലാ മദ്രാസി' എന്ന മട്ടിൽ.

സംഗതി കത്താൻ രമേശന്‌ സാഡേ നൗ കാ ട്രെയിൻ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു. 'താനെ'യ്ക്കുള്ള ട്രെയിൻ. നല്ല ഹിന്ദിയിൽ Thane-യുടെ Tha-എന്നത് 'ഠ' യ്ക്കും 'ത' യ്ക്കും ഇടയ്ക്കുള്ള ഒരു സംഭവമായാണത്രെ ഉച്ചരിക്കുന്നത്. അതു കേട്ടാണ്‌ രമേശന്‌ 'ഖാനാ' എന്നു തോന്നിയത്. സ്വാഭാവികം. എന്തായലും തെറി കേൾക്കാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിൽ രമേശൻ ഒമ്പതേമുക്കാലിന്റെ പനവേൽ സ്ലോ-വിൽ കയറിപ്പറ്റി. മറാത്തിയിലെ തെറി മറ്റുവല്ലതുമായി തോന്നിയിട്ട് ഉത്തരം പറഞ്ഞിരുന്നെങ്കിൽ പിന്നെ അടി പാഴ്സലായും കൂടെ കിട്ടിയേനെ.

Friday, April 15, 2011

മറുനാടൻ വിഷു - 1

സ്റ്റേജിൽ മട്ടന്നൂരും പിള്ളേരും മുന്നോട്ടാഞ്ഞ് ചെണ്ടപ്പുറത്ത് ശരിക്കൊന്നു പെരുക്കിയപ്പോൾ, താനൊരു പതിനഞ്ച് കഷണമായ് ചിതറിത്തെറിച്ചുപോയി എന്ന് കണ്ണടച്ചിരുന്ന രമേശനു തോന്നി. പേടിച്ചു കണ്ണുതുറന്നപ്പോൾ, കുഴപ്പമൊന്നുമില്ല - പഴയപോലെ ഡൊം‍ബിവ്‍ലി സ്ക്കൂളിന്റെ ഗ്രൗണ്ടിൽ. ചുറ്റും മുംബൈ മലയാളികൾ,എല്ലാവരും അന്തംവിട്ട് കണ്ണും മിഴിച്ചിരിക്കുന്നു. ചിലർക്കുമാത്രം താളം പിടിക്കാനുള്ള ബോധമെങ്കിലുമുണ്ട്.

ഒന്നര മണിക്കൂർ നേരം തായമ്പക തകർത്തു. പിന്നെ തെയ്യങ്ങൾ - തീക്കോലം കഴിഞ്ഞപ്പോൾ ഫ്ലാറ്റാവാതെ ആരും തന്നെയുണ്ടായില്ല. ഇടയ്ക്കു കലിയടങ്ങാഞ്ഞ് തെയ്യം ഗ്രൗണ്ടിലേക്കിറങ്ങി ഒരു റൗണ്ടടിച്ചു, ഓഡിയൻസിൽ ചിലരെങ്കിലും പോലീസിനെ വിളിച്ചുകാണുമെന്ന് രമേശനു തോന്നി. 'പാവത്തിനു പുകഞ്ഞിട്ടാവും' എന്നു പറഞ്ഞ രസികന്മാരുമുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞ് തിരിച്ചു ഡോം‍ബിവ്‍ലി സ്റ്റേഷനിലേക്കു നടക്കുമ്പോൾ, പണ്ട് ഉത്സവപ്പറമ്പിൽ നിന്നു നട്ടപ്പാതിരയ്ക്ക് നാടകവും കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ഓർമ്മകളായിരുന്നു മനസ്സിൽ.
'ഒരു വെളിച്ചപ്പാടു കൂടിയുണ്ടായിരുന്നെങ്കിൽ തികഞ്ഞേനെ,' രമേശൻ കൂട്ടുകാരോടു പറഞ്ഞു.
പിന്നെ വെളിച്ചപ്പാടു തമാശകളായി. വി.കെ.എൻ-ന്റെ ഒരു കഥയിൽ പയ്യൻ വേട്ടയ്ക്കൊരുമകന്റെ വെളിച്ചപ്പാടിനോട് 'എത്ര അടിച്ചു?' എന്നു ചോദിച്ചതു രമേശൻ പറഞ്ഞപ്പോൾ, പാലക്കാടൻ കൂട്ടുകാരൻ ഒരു കഥ പറഞ്ഞു:

ഞങ്ങൾ കുറച്ചുപേർ കവലയിൽ നിൽക്കുമ്പോഴാണ്‌ ഞങ്ങടെ വെളിച്ചപ്പാടിന്റെ വരവ് - തുള്ളിയുറഞ്ഞുകൊണ്ടാണ്‌. ഞങ്ങളെ കണ്ടതും നേരെ അടുത്തുവന്ന്, ഒരാളോടു ചോദിച്ചു തുടങ്ങി:
'മകന്റെ മുഖം വാടിയിരിക്കുന്നല്ലോ. ശത്രുദോഷമുണ്ടല്ലേ? ശരിക്ക് വഴിപാടൊക്കെ കഴിച്ചോളൂ, ഞാൻ പരിഹാരമുണ്ടാക്കാം. ഒട്ടും വിഷാദിക്കണ്ടാ.'
'ഉവ്വ്... പക്ഷേ ശത്രു അത്ര നിസ്സാരനല്ല ദേവീ...'
'ഹും! അരാണ്‌?'
'മുഷറഫാണ്‌.'
'ആര്‌?'
'മ്മടെ മുഷറഫേ - പാകിസ്ഥാൻ പ്രസിഡന്റ്‌...'

വെളിച്ചപ്പാട് രണ്ടു ചാട്ടം കൂടെ ചാടിയിട്ട്, വിട്ടു പോയി.
തിരിച്ചുള്ള യാത്രയിൽ ട്രെയിനിൽ തൂങ്ങി നിൽക്കുമ്പോൾ, മുംബൈക്ക് സാമാന്യം മലയാളിത്തമുണ്ടെന്നു തന്നെ രമേശനു തോന്നി. ജീവിതം പറിച്ചുനടണമെങ്കിൽ - അതായത്, പറിച്ചുനടാതെ വേറെ നിവൃത്തിയൊന്നുമില്ലെങ്കിൽ - മുംബൈ തന്നെയാണ്‌ നല്ലത്.