Sunday, May 27, 2007

പൌരസ്വാതന്ത്ര്യം

ഞങ്ങളുടെ ഈ കൊച്ചു കേരളത്തിലുള്ളത്ര പൌരസ്വാതന്ത്ര്യം - ഒരു പൌരന്‌ ഇഷ്ടമുള്ളതൊക്കെ പറയാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം - ഇന്ത്യയില്‍ വേറെ എവിടെയെങ്കിലുമുണ്ടോ? പോട്ടെ, ലോകത്തെവിടെയെങ്കിലുമുണ്ടോ? രമേശന്‍ ആവേശപൂര്‍വ്വം ചോദിച്ചുപോവുകയാണ്. ഇന്നലെ വൈകിട്ട് പതിവുപോലെ എറണാകുളം ചേര്‍ത്തല ബസ്സിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്ന് വീട്ടിലേയ്ക്ക് യാത്രചെയ്തുകൊണ്ടിരിക്കുമ്പോഴാണ്‌ രമേശന്‍ ഈ സ്വാതന്ത്ര്യത്തിന്റെ സ്വരൂപം അടുത്തു കണ്ടത്.

വെള്ളിയാഴ്ചയായതുകൊണ്ട് ബസ്സില്‍ അല്പം കൂടുതല്‍ തിരക്കുണ്ടായിരുന്നു - എന്നാലും ഒരു മുന്നൂറു പേര്‍ കഷ്ടിച്ചേ കാണുകയുള്ളു. അങ്ങനെ ബസ്സ് സുഖമായി മുന്നോട്ടുനീങ്ങി വൈറ്റില പാലത്തിനടുത്തെത്തിയപ്പോള്‍, ദേ, ബ്ലോക്ക്. ബസ്സു നിര്‍ത്തിയതും അവിടെ കാത്തുനിന്നിരുന്ന കുറേ പൌരന്മാര്‍ ബസ്സിലേയ്ക്ക് ഇടിച്ചുകയറി. കണ്ടക്ടര്‍ പറയുന്നുണ്ടായിരുന്നു, 'സൂക്ഷിച്ചു കയറണേ, ഇതു സ്റ്റോപ്പല്ല, സിഗ്നല്‍ വീണാല്‍ വണ്ടി പോവും...' പറഞ്ഞതുപോലെ സിഗ്നല്‍ വീണു, വണ്ടി നീങ്ങി. കൈവരിയില്‍ തൂങ്ങിക്കിടന്ന ഒരു സഹോദരന്‍ റോഡിലേയ്ക്കു തെറിച്ചുവീണു. പിന്നെ, 'നിര്‍ത്തെടാ വണ്ടി!' എന്ന അക്രോശം. വണ്ടി നിന്നു, പൌരന്മാരെല്ലാം കൂടെ കണ്ടക്ടറെ വളഞ്ഞു. അവര്‍ തമ്മില്‍ താഴെപ്പറയും വിധം സംഭാഷണമുണ്ടായി. വായനക്കാരുടെ സൌകര്യത്തിന്‌ * കൊണ്ടടയാളപ്പെടുത്തിയ ശുദ്ധസംസ്കൃതപദങ്ങള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്:

പൌരന്‍ : എന്താടോ ചീപ്പേ* ആളുകയറും മുമ്പേ വണ്ടിയെടുത്തത്?

കണ്ടക്ടര്‍ : ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിച്ചു കയറണം, ഇതു സ്‌റ്റോപ്പല്ലാന്ന്?

പൌ: സ്‌റ്റോപ്പല്ലാഞ്ഞ് പിന്നെ താനെ*ന്തിനാടോ വണ്ടി നിര്‍ത്തിയത്?

ക: സിഗ്നല്‍ വീണിട്ടല്ലേ?

പൌ: സിഗ്നല്‍ വീണാല്‍ നീ വണ്ടി നിര്‍ത്തുമോ? നിര്‍ത്തുമോടാ പട്ടീ*?


സ്വാതന്ത്ര്യത്തിന്റെ ഈ പൂവള്ളി പടര്‍ന്ന് അന്യസംസ്ഥനങ്ങളിലേയ്ക്കും പിന്നെ അവിടുന്ന് അമേരിക്ക, ജപ്പാന്‍ തുടങ്ങിയ പ്രസിദ്ധ ബ്ലോഗിങ്ങ് കേന്ദ്രങ്ങളിലേയ്ക്കും വ്യാപിക്കട്ടെ എന്ന് രമേശന്‍ ആശിക്കുന്നു. പക്ഷേ നടപ്പില്ല - ഇത്രയധികം സ്വാതന്ത്ര്യം ഉള്‍ക്കൊള്ളാനാവുന്ന ജനങ്ങള്‍ കേരളത്തിലല്ലാതെ വേറെ എവിടെയുണ്ടാവും?

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home