Tuesday, July 10, 2007

ഒറാക്കിള്‍...പ്യം പ്യം!

കഴിഞ്ഞ ശനിയാഴ്ച രമേശന്‍ പെന്റ-മേനകയില്‍ ചില അത്യാവശ്യ ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ കണ്ടു കൊതിക്കാന്‍ പോയിരുന്നു. കാഴ്ചകളൊക്കെ മാക്സിമം ഉള്‍ക്കൊണ്ടുകൊണ്ട് നടക്കുമ്പോള്‍ പെട്ടന്നതാ പിന്നില്‍നിന്നും ഇടിവെട്ടുന്ന പോലൊരു വിളി: 'ഡാ മയി...ല്‍പ്പീലീ!' ഞെട്ടിത്തിഞ്ഞുനോക്കുമ്പോള്‍ അതാ നില്‍ക്കുന്നു - രമേശന്റെ ബാല്യകാലസഖന്‍, ഹോസ്റ്റല്‍ സഹമുറിയന്‍, അഞ്ചുകൊല്ലം മുന്‍പ് പിരിഞ്ഞുപോയ ഉറ്റശ...ഛെ, മിത്രം! കോട്ടും സൂട്ടുമിട്ട്, റോത്ത്മാന്‍സും പുകച്ച് നില്‍ക്കുന്നു! ബൈജു എന്‍. നായരുടെ പോലത്തെ ഒരു പച്ചച്ചിരി! രമേശന്‍ ആകെ കോരിത്തരിച്ചുപോയി. ഏതായാലും അടുത്ത 'മയില്‍പ്പീലി' പ്രയോഗം തുടങ്ങുന്നതിനു മുമ്പ് രമേശന്‍ കക്ഷിയെപ്പിടിച്ച് അടുത്തുകണ്ട ഒരു ചായപ്പീടികയിലേയ്ക്കു കയറ്റി.

'നീ വല്ലാണ്ടങ്ങ് മെലിഞ്ഞുണങ്ങിപ്പോയല്ലോടാ...' എന്നൊക്കെപ്പറഞ്ഞ് തുടങ്ങാന്‍ ശ്രമിച്ച രമേശനെ സുഹൃത്ത് വിശേഷങ്ങള്‍ പറഞ്ഞ് ഫ്ലാറ്റാക്കിക്കളഞ്ഞു. ആളിപ്പോള്‍ അമേരിക്കയില്‍ സോഫ്റ്റ് വേര്‍ മേസ്തിരി. അതും ഒറാക്കിളില്‍. പ്രോജെക്ട് ലീഡര്‍. വാങ്ങുന്ന മാസപ്പടി രമേശന്റെ ഒന്നര വര്‍ഷത്തെ ശമ്പളത്തിനു മുകളില്‍. പിന്നെ സ്റ്റോക്ക് ഒപ്ഷനുകളും മറ്റു പെറുക്കുകളും. എല്ലാം കേട്ട് രമേശന്റെ ചങ്കു തകര്‍ന്നു പോയി. പിന്നെ, സാവധാനം, രമേശന്റെ അസൂയയൊക്കെ കുറഞ്ഞ് നോര്‍മ്മലായപ്പോള്‍ രണ്ടുപേരും കൂടെ പഴയ വീരകഥകള്‍ അയവിറക്കി...

സീന്‍ ഒന്ന്. രമേശന്‍ പത്താംതരത്തില്‍ പഠിക്കുന്ന കാലം. അമേരിക്കന്‍ കഥാനായകന്റെ വീട്ടില്‍ ഒരു ഹോമം നടക്കുക്കയാണ്‌. രമേശനും കൂട്ടുകാര്‍ക്കും ക്ഷണമുണ്ട്. ഉച്ചതിരിഞ്ഞ് ഗാങ്ങെല്ലാംകൂടെ സംഭവസ്ഥലത്തെത്തുന്നു. ഹോമകുണ്ഡത്തിനു മുന്നിലിരുന്ന് ശാന്തി മന്ത്രംചൊല്ലി അര്‍ച്ചനചെയ്യുന്ന രംഗമാണ്‌ കാണുന്നത്. ചുറ്റും കുടുംബക്കാരെല്ലാം ഇരുന്ന് മന്ത്രങ്ങള്‍ ഏറ്റുചൊല്ലുന്നു, അര്‍ച്ചന നടത്തുന്നു. കഥാനായകന്‍ മുന്നില്‍ത്തന്നെയിരുന്ന് ജപിക്കുന്നുണ്ട്. രമേശനെയും കൂട്ടരെയും കണ്ടതും ഇഷ്ടന്റെ ജപം ഉച്ചത്തിലായി. ശാന്തി ചൊല്ലിത്തീരുന്നതിനു മുന്‍പ് മുന്നില്‍നിന്നും ഇടിവെട്ടുന്നപോലെ ഏറ്റുചൊല്ലല്‍ തുടങ്ങും. രമേശനും കൂട്ടര്‍ക്കും സംഗതി രസിച്ചുവന്നപ്പോഴാണ്‌ ശാന്തി പണി പറ്റിച്ചത് - 'പ' കൊണ്ടുതുടങ്ങുന്ന ഒരു കിടുങ്ങന്‍ മന്ത്രം കക്ഷി ഇട്ടുകൊടുത്തു. കഥാനായകന്‍ പതിവുപോലെ ഏറ്റുചൊല്ലാന്‍ ശ്വാസമെടുത്തു, അപ്പോഴാണ്‌ സംഗതി പന്തിയല്ലല്ലോ എന്നു മനസ്സിലായത്. ഒച്ച കുറയ്ക്കാനും പറ്റിയില്ല. പുറത്തുവന്നത് ഇങ്ങനെ: 'പ്യം പ്യം... നമഹ!'
അന്നുമുതല്‍ രമേശനും കൂട്ടുകാരും സുഹൃത്തിനെ പ്യംപ്യം എന്നു വാത്സല്യത്തോടെ വിളിച്ചു പോരുന്നു.

സീന്‍ രണ്ട്, പ്രീഡിഗ്രി. ഗാങെല്ലാം കൂടെ എസ്.ഡി.വി. ഗ്രൌണ്ടിന്റെ ഗാലറിയിലിരുന്ന് തലപുകയ്ക്കുകയാണ്. ക്ലബ്ബ് ക്രിക്കറ്റ് കളിക്കാന്‍ കോഴിക്കോട് പോണം. കാശെങ്ങിനെയുണ്ടാക്കും? പല കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷം എല്ലാവരും വീട്ടില്‍ പറയാന്‍ ഓരോ കള്ളങ്ങള്‍ കണ്ടുപിടിച്ചു - നമ്മുടെ ഭാവി അമേരിക്കനൊഴിച്ച്. അവന്റെ സങ്കടം കണ്ട് രമേശന്‌ മനസ്സലിഞ്ഞു. പെട്ടന്നു തോന്നിയ ഒരൈഡിയ രമേശന്‍ കക്ഷിയുടെ മുന്നിലേയ്ക്കിട്ടു കൊടുത്തു - 'എടേ, നമ്മുടെ കണക്കു ട്യൂഷന്‍സാറിന്റെ പെങ്ങടെ കല്യാണമാണ്‌, പ്രെസന്റേഷന്‍ വാങ്ങാനാണെന്നു പറഞ്ഞ് നൂറുരൂപ ചോദിക്ക്...'

ഇടിവെട്ടു സ്‌റ്റൈലില്‍ത്തന്നെ ഉത്തരം വന്നു. 'എഡാ മയി...ല്‍പ്പീലീ, സാറിന്റെ പെങ്ങടെ കല്യാണം കഴിഞ്ഞു, സാറിന്റെ കല്യാണം കഴിഞ്ഞു, സാറിന്റെ അമ്മൂമ്മേടെ പതിനാറും കഴിഞ്ഞു. പുതിയ ആരേങ്കിലും കെട്ടിക്കാനോ കൊല്ലാനോ ഉണ്ടെങ്കില്‍ പറയ്...'

സീന്‍ മൂന്ന്. രാത്രി സഹമുറിയന്‍ സര്‍ക്കീട്ട് കഴിഞ്ഞ് വന്നിട്ട് മെസ്സില്‍ പോവാനായി രമേശന്‍ കൊച്ചി സര്‍വ്വകലാശാലയുടെ സനാതനാ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ റോഡും നോക്കി നില്‍ക്കുന്നു. പെട്ടന്നതാ, അത്ഭുതം! ഒരു ഓട്ടൊ വന്ന് ഹോസ്റ്റലിന്റെ മുന്നില്‍ നില്‍ക്കുന്നു, ഭാവി അമേരിക്കന്‍ അതില്‍നിന്നും സായിപ്പു സ്റ്റൈലില്‍ ഇറങ്ങുന്നു! രമേശന്‍ ഞെട്ടിത്തരിച്ചു പോയി. പണ്ട് നടുറോഡില്‍ ബൈക്കില്‍ നിന്നു വീണ്‌ കൈയ്യൊടിഞ്ഞ് കിടക്കുന്ന നേരം, ആശുപത്രിയില്‍ കൊണ്ടോവാന്‍ ഓട്ടൊ വിളിച്ച നാട്ടുകാരനോട് 'വേണ്ട ചേട്ടാ, മുപ്പതു രൂപ കൊടുക്കണം, ഞാന്‍ ആശൂത്രീലോട്ട് നടന്നു പൊയ്ക്കോളാം' എന്ന് പറഞ്ഞ വീരയോദ്ധാവ് ഇതാ, കളമേശേരിയില്‍ നിന്നും ഹോസ്റ്റല്‍ വരെ ഓട്ടൊയില്‍ വന്നിരിക്കുന്നു! കക്ഷി സ്‌റ്റെപ്പ് കേറി മോളില്‍ വരുന്ന വരെ ക്ഷമിക്കാന്‍ രമേശനെക്കൊണ്ടായില്ല. 'നീ എന്താടാ ഇന്ന് ഓട്ടൊയില്‍ ...' ചോദ്യം മുഴുമിക്കുന്നതിനുമുമ്പ് വന്നു ഇടിവെട്ട്. കാലുയര്‍ത്തിക്കാണിച്ചുകൊണ്ടാണ്‌. 'ഡാ മയി..., നീ ഈ ഷൂസു കണ്ടോ? രണ്ടായിരം രൂപ വിലയുള്ളതാണ്‌. ഇതുമിട്ടോണ്ട് സൌത്ത് കളമശേരിയില്‍ നിന്നും ഇവിടം വരെ നടന്നാല്‍ എത്ര രൂപേടെ ലെതര്‍ തേഞ്ഞു തീരുമെന്നാണ്‌ നിന്റെ വിചാരം? അതാണോ ഓട്ടോക്കൂലിയാണോ ലാഭം? മണ്ടാ!'


ഈ കഷിയെ ഇനിയും പ്രൊമോട്ട് ചെയ്ത് വല്ല മാനേജറോ മറ്റൊ ആക്കിയാല്‍ - അസൂയ കൊണ്ടു പറയുന്നതാണ്‌ - ഒറാക്കിളിന്റെ ഭാവി.... പ്യം പ്യം... നമഹ!

2 Comments:

At 12/08/2007 8:28 PM , Anonymous Anonymous said...

This comment has been removed by a blog administrator.

 
At 10/20/2010 2:58 AM , Blogger Maya. said...

unknown stories....interesting....

 

Post a Comment

Subscribe to Post Comments [Atom]

<< Home