മറിമായയുടെ അച്ഛൻ
കുഞ്ഞുമോൾ കാണുന്നത്ര 'കുഞ്ഞ'ല്ല എന്നു രമേശനു തോന്നിത്തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇടയ്ക്കിടെ കിട്ടുന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയായപ്പോൾ രമേശന് അല്പം ഭയവും തോന്നാതിരുന്നില്ല - രണ്ടരവയസ്സിൽ ഇങ്ങനെയാണെങ്കിൽ പത്തിൽ എന്താവും? പോലീസ് പ്രൊട്ടക്ഷന് അപേക്ഷിക്കേണ്ടി വരുമോ?
ആദ്യത്തെ 'ഇൻഡിക്കേഷൻ' കിട്ടിയത് രണ്ടു മാസം മുമ്പാണ്.
ഫ്ലാഷ്ബാക്ക്:
രമേശൻ മൂന്നു മാസത്തെ മുംബൈ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തി, ഒരാഴ്ചയ്ക്കകം മുംബൈലേക്കു തന്നെയുള്ള ട്രാൻസ്ഫർ ഇണ്ടാസും കൈപ്പറ്റി തലയ്ക്കു പ്രാന്തുപിടിച്ച് തെക്കുവടക്ക് (എറണാകുളം - ആലപ്പുഴ) കാറോടിച്ചുനടക്കുന്ന കാലം. സ്ഥലം വൈറ്റില ജംങ്ഷനിലെ ട്രാഫിക് സിഗ്നൽ, സമയം വൈകിട്ട് 6:30. രമേശൻ ഭാവിപരിപാടികൾ ഓർത്തു തലപുകച്ച്, സ്റ്റിയറിങ്ങിൽ താളം പിടിച്ച്, പച്ച ലൈറ്റ് കാത്തിരിക്കുന്നു.
അപ്പോളതാ ഇടത്തുവശത്തൂന്ന് ഒരു ശബ്ദം - 'അച്ഛൻ ബെൽട്ടിട്ടേ!' മോളാണ്. മുഖത്തു ഗൗരവം, ധാർമ്മികരൊഷം.
'മിണ്ടാണ്ടിരിക്കെടീ, ആനക്കാര്യത്തിന്റിടയ്ക്കാണ്...' എന്നു പറയാനാണ് കഷ്ടകാലത്തിന് രമേശനു തോന്നിയത്. പിന്നെക്കണ്ടത് - മുൻസീറ്റിന്റെ അടിയിൽ വെച്ചിരുന്ന കാലൻകുടയുടെ അറ്റം പുറത്തേക്ക് നീളുന്നു, വഴിയിൽ നിന്ന ഒരു ട്രാഫിക്ക് പോലീസുകാരന്റെ നടുവു നോക്കി ഒരു കുത്ത് സമ്മാനിക്കുന്നു. ഞെട്ടിത്തിരിഞ്ഞ പോലീസുകാരനോട് മോളുടെവക: 'പോലീസങ്കിൾ, രമേശച്ഛനെ പിടിച്ചോ, ബെൽട്ടിട്ടിട്ടില്ല.'
പോലീസിനും രമേശനും ഞെട്ടൽ മാറുന്നതിനു മുമ്പ്, ഭാഗ്യത്തിന് പച്ച് സിഗ്നൽ വീണു.
സീൻ രണ്ട്:
രമേശന്റെ എറണാകുളത്തെ വാടകവീട്ടിൽ അനൗപചാരിക സെന്റോഫ് പാർട്ടി നടക്കുന്നു. സഹൃദയരായ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ചുറ്റുമിരുന്ന് സങ്കടം രേഖപ്പെടുത്തുന്നു. മറുപടിപ്രസംഗത്തിനായി രമേശൻ സെന്റിമെൻസൊക്കെ വലിച്ചുപിടിച്ച് ഒരു ദീർഘശ്വാസമെടുക്കുന്നു. അപ്പോഴാണ് വാതിൽപ്പടിയിൽ നിന്ന് -
'അമ്മേ! കള്ളനച്ഛൻ!'
കൂട്ടത്തിൽ സഹൃദയത്വം കൂടുതലുണ്ടായിരുന്ന സുഹൃത്ത് ചോദിച്ചു: 'കള്ളനച്ഛൻ എന്തു ചെയ്തു മോളേ?'
'ചിപ്സിന്റെ പാത്രം കട്ടോണ്ടുപോയി കട്ടിലിന്റടിയിൽ വെച്ചേക്കുന്നു! വാ, കാണിച്ചുതരാം!'
തുടർന്നുണ്ടായ ചിരിയിൽ തന്റെ സെന്റിമെൻസും ശ്വാസവുമൊക്കെ ആവിയായി പൊങ്ങിപ്പോകുന്നത് രമേശൻ സങ്കടത്തോടെ നോക്കിയിരുന്നു.
സീൻ മൂന്ന്:
ഇത്തവണ മുംബൈയിലാണ്. വീടൊക്കെ ശരിയാക്കി, തിരിച്ചു നാട്ടിലെത്തി പുത്രികളത്രാദികളെയും കൊണ്ട് തിരിച്ചുള്ള് യാത്ര. വഴിനീളെ രമേശനും കളത്രവും ചർച്ചചെയ്തത് ഒരേ ഒരു വിഷയം - പുതിയ വീട്ടിലെ അയൽക്കാരന്റെ വീട്ടിലെ ഫ്ലഫി എന്നു പേരുള്ള, തൂവെള്ള നിറമുള്ള പോമറേനിയൻ നായ. ഫ്ലഫി മോളെയും, മോൾ ഫ്ലഫിയേയും എങ്ങനെ സ്വീകരിക്കും?
അവസാനം വീടെത്തി, പതുങ്ങി ഫ്ലഫി കാണാതെ അകത്തുകടക്കാൻ ഉദ്യമിക്കുന്നു, പരാജയപ്പെടുന്നു. ഫ്ലഫി കുരച്ച് തകർത്ത് പാഞ്ഞു വരുന്നു. കുഞ്ഞിന്റെ കരച്ചിലിനായി അച്ഛനും അമ്മയും തയ്യാറാവുന്നു -
'ഹായ് ദേ, അച്ഛാ, ഒരു ബാ-ബാ-ബ്ലാക്ക്ഷീപ്പ്!'
ഉത്തരക്ഷണത്തിൽ ഫ്ലഫിയുടെ 'അച്ഛൻ' ബോധംകെട്ടു വീണ സൗണ്ട് അങ്ങ് നെരൂൾ സ്റ്റേഷൻ വരെ കേട്ടു എന്നാണ് രമേശൻ പിന്നീടറിഞ്ഞത്.
സീൻ നാല്:
മുംബൈയിലുള്ള ഒരു ബന്ധുവിന്റെ വിസിറ്റ്. രമേശനും കുടുംബവും കാലെക്കൂട്ടി തയ്യാറയിരിക്കുന്നു. വിരുന്നുകാരെത്തുന്നു. ആൾ കോൺട്രാക്ടർ മുതലാളിയയതുകൊണ്ട്, സംസാരം ഇടിവെട്ടു ശൈലിയിലാണ്. മോളെക്കണ്ടതും, കുശലപ്രശ്നം ഇങ്ങനെ: 'ഡീ മറിയാമ്മേ! നിന്നേം ഇവര് കൊണ്ടു പോന്നോ? നീ ബോംബെയിൽ എന്തുചെയ്യാനാടീ?'
സംഗതി പന്തിയല്ലെന്ന് കണ്ടാവും, മോളൊന്നും മിണ്ടിയില്ല. പക്ഷേ, വിരുന്നുകാർ പിനിഞ്ഞപ്പോൾ സംശയനിവാരണമുണ്ടായി:
'അച്ഛാ, എന്തിനാ അങ്കിൾ എന്നെ മറിയാമ്മേന്ന് വിളിച്ചത്?'
'ഇഷ്ടം കൊണ്ടവും, അല്ലെങ്കിൽ അങ്ങേരുടെ 'സ്റ്റൈൽ' അതാവും,' രമേശൻ മറുപടിയും പറഞ്ഞു.
'എനിക്കിഷ്ടല്ല, അങ്ങനെ വിളിക്കുന്നത്.' പതിവു പോലെ മുഖത്ത് ധാർമികരോഷം.
രണ്ടു ദിവസം കഴിഞ്ഞ്, കിട്ടിയ വിസിറ്റ് തിരിച്ചുകൊടുക്കാൻ രമേശനും കുടുംബവും ബന്ധുവീട്ടിലെത്തുന്നു. മോളെക്കണ്ടതും, വീണ്ടും കുശലപ്രശ്നം. 'എഡീ! നീയും പോന്നോ? എന്നാടീ നെന്റെ പേര്?'
കുഞ്ഞു മൂക്കു വിറയ്ക്കുന്നതും കൈ ചുരുളുന്നതുമൊക്കെ കണ്ടപ്പോൾ രമേശനു തോന്നി, ദാ വരുന്നു, ഗോൾ -
'പേര് മാറിമായ! എന്താ മതിയോ?'
അങ്ങനെ രമേശന് മറിമായയുടെ അച്ഛൻ എന്ന പേരും പതിഞ്ഞു കിട്ടി.
മുംബൈയിലെത്തി മൂന്നു മാസം കൊണ്ട് ഇത്രയുമെത്തിയെങ്കിൽ, രമേശനാലോചിച്ചു, അഞ്ചുവർഷം കഴിയുമ്പോൾ എന്താവും കഥ?
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home