മറിമായയുടെ അച്ഛൻ
കുറേ കഥകളും അല്പം ചിന്തകളും
ഞങ്ങൾ കുറച്ചുപേർ കവലയിൽ നിൽക്കുമ്പോഴാണ് ഞങ്ങടെ വെളിച്ചപ്പാടിന്റെ വരവ് - തുള്ളിയുറഞ്ഞുകൊണ്ടാണ്. ഞങ്ങളെ കണ്ടതും നേരെ അടുത്തുവന്ന്, ഒരാളോടു ചോദിച്ചു തുടങ്ങി:'മകന്റെ മുഖം വാടിയിരിക്കുന്നല്ലോ. ശത്രുദോഷമുണ്ടല്ലേ? ശരിക്ക് വഴിപാടൊക്കെ കഴിച്ചോളൂ, ഞാൻ പരിഹാരമുണ്ടാക്കാം. ഒട്ടും വിഷാദിക്കണ്ടാ.''ഉവ്വ്... പക്ഷേ ശത്രു അത്ര നിസ്സാരനല്ല ദേവീ...''ഹും! അരാണ്?''മുഷറഫാണ്.''ആര്?''മ്മടെ മുഷറഫേ - പാകിസ്ഥാൻ പ്രസിഡന്റ്...'വെളിച്ചപ്പാട് രണ്ടു ചാട്ടം കൂടെ ചാടിയിട്ട്, വിട്ടു പോയി.
കഴിഞ്ഞ ശനിയാഴ്ച രമേശന്‍ പെന്റ-മേനകയില്‍ ചില അത്യാവശ്യ ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ കണ്ടു കൊതിക്കാന്‍ പോയിരുന്നു. കാഴ്ചകളൊക്കെ മാക്സിമം ഉള്‍ക്കൊണ്ടുകൊണ്ട് നടക്കുമ്പോള്‍ പെട്ടന്നതാ പിന്നില്‍നിന്നും ഇടിവെട്ടുന്ന പോലൊരു വിളി: 'ഡാ മയി...ല്‍പ്പീലീ!' ഞെട്ടിത്തിഞ്ഞുനോക്കുമ്പോള്‍ അതാ നില്‍ക്കുന്നു - രമേശന്റെ ബാല്യകാലസഖന്‍, ഹോസ്റ്റല്‍ സഹമുറിയന്‍, അഞ്ചുകൊല്ലം മുന്‍പ് പിരിഞ്ഞുപോയ ഉറ്റശ...ഛെ, മിത്രം! കോട്ടും സൂട്ടുമിട്ട്, റോത്ത്മാന്‍സും പുകച്ച് നില്‍ക്കുന്നു! ബൈജു എന്‍. നായരുടെ പോലത്തെ ഒരു പച്ചച്ചിരി! രമേശന്‍ ആകെ കോരിത്തരിച്ചുപോയി. ഏതായാലും അടുത്ത 'മയില്‍പ്പീലി' പ്രയോഗം തുടങ്ങുന്നതിനു മുമ്പ് രമേശന്‍ കക്ഷിയെപ്പിടിച്ച് അടുത്തുകണ്ട ഒരു ചായപ്പീടികയിലേയ്ക്കു കയറ്റി.
സീന്‍ രണ്ട്, പ്രീഡിഗ്രി. ഗാങെല്ലാം കൂടെ എസ്.ഡി.വി. ഗ്രൌണ്ടിന്റെ ഗാലറിയിലിരുന്ന് തലപുകയ്ക്കുകയാണ്. ക്ലബ്ബ് ക്രിക്കറ്റ് കളിക്കാന്‍ കോഴിക്കോട് പോണം. കാശെങ്ങിനെയുണ്ടാക്കും? പല കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷം എല്ലാവരും വീട്ടില്‍ പറയാന്‍ ഓരോ കള്ളങ്ങള്‍ കണ്ടുപിടിച്ചു - നമ്മുടെ ഭാവി അമേരിക്കനൊഴിച്ച്. അവന്റെ സങ്കടം കണ്ട് രമേശന് മനസ്സലിഞ്ഞു. പെട്ടന്നു തോന്നിയ ഒരൈഡിയ രമേശന്‍ കക്ഷിയുടെ മുന്നിലേയ്ക്കിട്ടു കൊടുത്തു - 'എടേ, നമ്മുടെ കണക്കു ട്യൂഷന്‍സാറിന്റെ പെങ്ങടെ കല്യാണമാണ്, പ്രെസന്റേഷന്‍ വാങ്ങാനാണെന്നു പറഞ്ഞ് നൂറുരൂപ ചോദിക്ക്...'
ഇടിവെട്ടു സ്‌റ്റൈലില്‍ത്തന്നെ ഉത്തരം വന്നു. 'എഡാ മയി...ല്‍പ്പീലീ, സാറിന്റെ പെങ്ങടെ കല്യാണം കഴിഞ്ഞു, സാറിന്റെ കല്യാണം കഴിഞ്ഞു, സാറിന്റെ അമ്മൂമ്മേടെ പതിനാറും കഴിഞ്ഞു. പുതിയ ആരേങ്കിലും കെട്ടിക്കാനോ കൊല്ലാനോ ഉണ്ടെങ്കില്‍ പറയ്...'
സീന്‍ മൂന്ന്. രാത്രി സഹമുറിയന്‍ സര്‍ക്കീട്ട് കഴിഞ്ഞ് വന്നിട്ട് മെസ്സില്‍ പോവാനായി രമേശന്‍ കൊച്ചി സര്‍വ്വകലാശാലയുടെ സനാതനാ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ റോഡും നോക്കി നില്‍ക്കുന്നു. പെട്ടന്നതാ, അത്ഭുതം! ഒരു ഓട്ടൊ വന്ന് ഹോസ്റ്റലിന്റെ മുന്നില്‍ നില്‍ക്കുന്നു, ഭാവി അമേരിക്കന്‍ അതില്‍നിന്നും സായിപ്പു സ്റ്റൈലില്‍ ഇറങ്ങുന്നു! രമേശന്‍ ഞെട്ടിത്തരിച്ചു പോയി. പണ്ട് നടുറോഡില്‍ ബൈക്കില്‍ നിന്നു വീണ് കൈയ്യൊടിഞ്ഞ് കിടക്കുന്ന നേരം, ആശുപത്രിയില്‍ കൊണ്ടോവാന്‍ ഓട്ടൊ വിളിച്ച നാട്ടുകാരനോട് 'വേണ്ട ചേട്ടാ, മുപ്പതു രൂപ കൊടുക്കണം, ഞാന്‍ ആശൂത്രീലോട്ട് നടന്നു പൊയ്ക്കോളാം' എന്ന് പറഞ്ഞ വീരയോദ്ധാവ് ഇതാ, കളമേശേരിയില്‍ നിന്നും ഹോസ്റ്റല്‍ വരെ ഓട്ടൊയില്‍ വന്നിരിക്കുന്നു! കക്ഷി സ്‌റ്റെപ്പ് കേറി മോളില്‍ വരുന്ന വരെ ക്ഷമിക്കാന്‍ രമേശനെക്കൊണ്ടായില്ല. 'നീ എന്താടാ ഇന്ന് ഓട്ടൊയില്‍ ...' ചോദ്യം മുഴുമിക്കുന്നതിനുമുമ്പ് വന്നു ഇടിവെട്ട്. കാലുയര്‍ത്തിക്കാണിച്ചുകൊണ്ടാണ്. 'ഡാ മയി..., നീ ഈ ഷൂസു കണ്ടോ? രണ്ടായിരം രൂപ വിലയുള്ളതാണ്. ഇതുമിട്ടോണ്ട് സൌത്ത് കളമശേരിയില്‍ നിന്നും ഇവിടം വരെ നടന്നാല്‍ എത്ര രൂപേടെ ലെതര്‍ തേഞ്ഞു തീരുമെന്നാണ് നിന്റെ വിചാരം? അതാണോ ഓട്ടോക്കൂലിയാണോ ലാഭം? മണ്ടാ!'
ഈ കഷിയെ ഇനിയും പ്രൊമോട്ട് ചെയ്ത് വല്ല മാനേജറോ മറ്റൊ ആക്കിയാല്‍ - അസൂയ കൊണ്ടു പറയുന്നതാണ് - ഒറാക്കിളിന്റെ ഭാവി.... പ്യം പ്യം... നമഹ!
രമേശന് 500 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ 500 പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുക എന്നതാണ് അടുത്ത പത്തു വര്‍ഷത്തേയ്ക്ക് രമേശന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പുസ്തകങ്ങളുടെ ലിസ്റ്റ് എഴുതിത്തുടങ്ങിയിട്ടേയുള്ളു. ഒന്നാം ഗഡു (100 എണ്ണം) ചുവടെ. പ്രത്യേകിച്ച് ക്രമമൊന്നുമില്ല.
ആലപ്പുഴയുള്ള മൂന്നു സുഹൃത്തുക്കള്‍ കോഴിക്കോട് പി.എസ്.സി പരീക്ഷയെഴുതാന്‍ പോയി. പരീക്ഷ മുഴുവന്‍ കണക്കായിരുന്നു എന്നാണ് ഇഷ്ടന്‍മാര്‍ രമേശനോടു പറഞ്ഞത് - അതുകൊണ്ട് അവര്‍ 'കണക്കായി'ത്തന്നെ എല്ലാം എഴുതി. എഴുതിത്തീര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ മൂവ്വര്‍ക്കും ക്ഷീണം, നല്ല ദാഹവും. ഏറ്റവുമടുത്തുള്ള തണ്ണീര്‍ക്കടയില്‍പ്പോയി മൂവ്വരും തൊണ്ടനനച്ചു. വഴിക്കെങ്ങാന്‍ ദാഹിച്ചാലോ എന്നുവെച്ച് രണ്ടുലിറ്റര്‍ സ്പ്രൈറ്റ്കുപ്പി വാങ്ങി അതിലുണ്ടായിരുന്ന വൃത്തികെട്ട ദ്രാവകം ഡിസ്‌പോസ് ചെയ്ത്, അതിലും ശുദ്ധ തണ്ണീര്‍ നിറച്ചു. തിരിച്ചു വന്നത് ഒരു തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനില്‍. ആളുകള്‍ കുറവായിരുന്നു. കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര മൂവ്വരിലും വീണ്ടും ദാഹത്തെ ജനിപ്പിച്ചു. സ്പ്രൈറ്റുകുപ്പി കാലിയായപ്പോള്‍, അദ്ഭുതം, മൂന്നുപേരും പാമ്പുകളായി രൂപാന്തരപ്പെട്ടു. മൂന്നു പാമ്പുകളും മൂന്നു സീറ്റുകളില്‍ക്കിടന്നു സുഖമായി ഉറങ്ങി.
സമയം രാത്രി ഒന്‍പത്. ട്രെയിന്‍ നിന്നിരിക്കുന്നു. ഒരു പാമ്പ് പയ്യെ കണ്ണുതുറന്ന്, കിടന്ന കിടപ്പില്‍ പുറത്തേയ്ക്കു കണ്ണയയച്ചു. ഒരു വലിയ മഞ്ഞ ബോര്‍ഡ്. പരിചയമുള്ള അക്ഷരങ്ങള്‍. വായിക്കാന്‍ ശ്രമിച്ചു - 'ആ...ല...പ്പു...ഴ..'
വായിച്ചുതീര്‍ന്നപ്പോള്‍ പാമ്പിന്റെ തലയില്‍ കൊള്ളിയാന്‍ മിന്നി. അയ്യോ, പിള്ളേരേ, ഇറങ്ങണ്ടെ? എന്നൊക്കെ വിളിച്ചു കൂവാനും ചാടിയെഴുന്നേല്‍ക്കാനുമൊക്കെ പാമ്പിനു തോന്നി, പക്ഷെ, കാലു പൊയിട്ട്, നാവു പോയിട്ട്, ഒരു വിരല്‍ പോലും അനക്കാന്‍ പാമ്പിനു കഴിയുന്നില്ല. കിടന്ന കിടപ്പില്‍ത്തന്നെ മഞ്ഞ ബോര്‍ഡ് പുറകോട്ടു നീങ്ങി അപ്രത്യക്ഷമാകുന്നതു പാമ്പ് കണ്ണീമയ്ക്കാതെ നോക്കി. എന്നിട്ട്, 'ആ പോ' എന്ന് പറഞ്ഞ് തിരിഞ്ഞുകിടന്നു.
അനന്തപുരിയുടെ മഹത്വം! രാവിലെ അഞ്ചരമണിക്ക് ട്രെയിന്‍ സ്ഥലത്ത് വീലു കുത്തിയപ്പോഴേയ്ക്കും മൂന്നു പാമ്പുകളും പയ്യെ മനുഷ്യരായി മാറി. പിന്നെ മടക്കയാത്ര...
ഇടയ്ക്കുണര്‍ന്ന പാമ്പ് രാത്രിയിലെ ദര്‍ശനത്തിന്റെ കഥ രമേശനോട് മാത്രമേ പറഞ്ഞിട്ടുള്ളു.